''ജാതിക്ക് ജാതി പഗെ, നായിക്ക് നായി പഗെ. തരൈട്ട് ബരേനൗ ഇരട്ട് ഉജ്ജിണ്ട പോവാന്ത്''!! എന്ന് വെച്ചാൽ, 'ജാതിക്ക് ജാതി ശത്രു, നായയ്ക്ക് നായ ശത്രു. തലയില്‍ വരച്ചത് ഇല കൊണ്ട് മായ്ച്ചാല്‍ പോവില്ല.'

മരണവംശം വായിച്ചു കഴിഞ്ഞപ്പോൾ !!!



ഇതിനു മുമ്പും എത്രെയോ പുസ്തകങ്ങൾ പല കാലങ്ങളിൽ ആവർത്തിച്ചു വായിച്ചിട്ടുണ്ട്അവയെല്ലാം വേറിട്ട അനുഭവങ്ങൾ തന്നിട്ടുമുണ്ട് , എന്നാൽ ആദ്യമായാണ് ഒന്നിന് പുറകെ രണ്ടവർത്തി വായിക്കുന്നത് , അപ്പോൾ കഥയുടെ ആഴവും പരപ്പും അടിയൊഴുക്കും ഒന്ന് ഓർത്തു നോക്കു!! 'പൊനം' വായിച്ചു മരണവംശം വായിക്കുമ്പോൾ കഥാ പരിസരം ഒരേ പോലെ ആണോ എന്ന് ആദ്യം തോന്നുമെങ്കിലും, കഥാപാത്രങ്ങൾ നമ്മളെ ഭാവനയുടെ രണ്ടു ആറ്റങ്ങളിലേക്ക് കൊണ്ട് പോകും.

റാക്കും തോക്കും, പെണ്ണും മണ്ണും ജീവിതത്തിന്റെ ഭാഗമായ കുറേയേറെ മനുഷ്യരുള്ള ഏര്‍ക്കാന. 'മക്കോണ്ടോ' പോലെ 'ഒരു ദേശത്തിന്റെ കഥ' തന്നെ. കാസര്‍കോട് - കര്‍ണ്ണാടക അതിര്‍ത്തിയിലെ   സങ്കല്‍പദേശത്തെ തലമുറകളിലൂടെ കൈമാറിയ തീരാപ്പക തീര്‍ക്കുന്ന പ്രതികാരത്തിന്റെ കഥ! മംഗലാപുരത്തെ കള്ളന്‍ കോമനില്‍ നിന്ന് തുടങ്ങി, അയാള്‍ ചെയ്ത പാപത്തിന്റെ വിത്ത് പകയായി പല കുടുംബങ്ങളിലും വന്നു ചേരുന്നു. അവരുടെ കഥയാണ് പൂരക്കളിക്ക് പാടുന്ന പൂരമാലയുടെ ഒന്ന് മുതല്‍ പതിനെട്ട് നിറങ്ങളിൽ നമ്മൾ വായിക്കുന്നത്.

തലമുറകളിലേക്ക് പകർന്നു കിട്ടുന്ന വെറുപ്പും വിദ്വേഷവും പ്രതികാരവും എത്രെയേറെ മനുഷ്യരെ, ബന്ധങ്ങളെ, കുടുബങ്ങളെ ഇല്ലാതാക്കുന്നു!  ''ഓറുടെ ദുഷ്ട് എനക്ക് കിട്ടിയത് ന്റെ കുറ്റാണോ? ഓറെ ദുഷ്ട് ഓര്‍ക്ക് കിട്ട്യത് ഓറെ കുറ്റാണോ'' മനുഷ്യമനസുകളുടെ അവസ്ഥാന്തരങ്ങളും നിസ്സഹായതകളും നമ്മെ ചിന്തിപ്പിക്കുക തന്നെ ചെയ്യും.

കുടിപ്പകയുടെ ഫലം എന്നോണം ആസകലം വെട്ടേറ്റു കിടക്കുമ്പോളും, കാഞ്ചി വലിക്കുന്ന ചൂണ്ടുവിരല്‍ ബാക്കി ഉണ്ടാകണമേ എന്ന് ആശിക്കുന്നവർ!! രാഷ്ട്രീയവും, പ്രണയവും, കാമവും, പകയ്ക്കു ആക്കം കൂട്ടാനെന്നോണം കഥയിൽ അങ്ങോളം ഉണ്ട്. ''പക കാട്ടുതീ പോലെയാണ്, കത്തിത്തുടങ്ങിയാല്‍ തീ ആളിപ്പടര്‍ന്ന് എല്ലാം വിഴുങ്ങും.'' എന്ന് മരണവംശം വീണ്ടും വീണ്ടും താക്കീതു തരുന്നു.

എങ്കിലും ഇതിനെല്ലാം അപ്പുറം കോഴികെട്ടും, കുളിയനും അണങ്ങും തെയ്യവും മാജിക്കും സ്വപ്നവും സ്വപ്നാടനവും , മൂളിപ്പല്ലുകളും, ചാപ്പയും അതിനുള്ളിലെ ജീവിതങ്ങളും നിറഞ്ഞു നില്‍ക്കുന്ന നൂറുനൂറു കഥകളുടെ, ഉപകഥകളുടെ, അതിലേറെ കഥാപാത്രങ്ങളുടെ ഒരു പകര്‍ന്നാട്ടം തന്നെയാണ് നോവല്‍.

ജീവിച്ചിരിക്കുന്നവരും മരിച്ചവരും, നിസ്സഹായരായ ദൈവങ്ങളും, പക്ഷികളും മൃഗങ്ങളും പാമ്പും പല്ലിയും ചെടികളും പുല്ലും  മരങ്ങളുമൊക്കെ ഒക്കെ വന്ന് കഥപറയും, കഥയില്‍ ഇടപെടും. അങ്ങനെ കാടും നാടും മനുഷ്യരും കലഹവും മരണവംശത്തില്‍ കാട്ടുവള്ളികള്‍ പോലെ കെട്ടുപിണഞ്ഞുകിടക്കുന്നു. മാജിക്കല്‍ റിയലിസത്തിന്റെ പ്രതിഫലനങ്ങള്‍ ഇതിൽ എല്ലായിടത്തുമുണ്ട്.

പിടിവിട്ടുപോകുന്ന മനസ്സിനെ വേദനയോടെ നോക്കിനില്‍ക്കേണ്ടിവരുന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാകാറുണ്ട്. ''ഒറ്റയ്ക്ക് നടക്കുന്ന കാട്ടുമൃഗമാണ് മനസ്സ്. മെരുക്കിയെടുക്കല്‍ പ്രയാസം. സ്വന്തം ഇഷ്ടത്തിന് അതിനെ കെട്ടിയിടുന്നവര്‍ നിലനില്‍ക്കും. അല്ലാത്തവര്‍ നശിക്കും'' എന്ന് നോവൽ പറഞ്ഞു വെക്കുന്നു!

ഇതിലെ സ്ത്രീകഥാപാത്രങ്ങളെല്ലാം തന്നെ അനിതരസാധാരണമായ വ്യക്തിപ്രഭാവം പുലര്‍ത്തുന്നു. അവരുടെ പ്രണയത്തിന്റെയും, അഭിലാഷങ്ങളുടെയും, സങ്കടത്തിന്റെയും പ്രതികാരത്തിന്റെയും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളുടെയും സ്നേഹരാഹിത്യത്തിന്റെയും ബലാത്കാരങ്ങളുടെയും കരളലിയിപ്പിക്കുന്ന ചരിത്രം കൂടിയാണ് 'മരണവംശം'.

അവരിൽ കുഞ്ഞമ്മാർ ആണ് ശരിക്കും എന്നെ വിസ്മയിസിപ്പിച്ചത്! അവർക്ക് സ്വന്തം ജീവിതം, തീരുമാനങ്ങൾ, പ്രവൃത്തികൾക്കു മേലെ ഉള്ള agency, അമ്മായിഅമ്മ വെള്ളച്ചിയോടും മരുമകൾ മാധവിയോടും ഉള്ള ആത്മബന്ധം അടുപ്പം കരുതൽ empathy, മനം കുളിർപ്പിച്ചു. സ്വതവേ സമൂഹത്തിൽ സംഘർഷഭരിതമായി ചിത്രീകരിക്കുന്ന ബന്ധത്തിന് പുതിയ മാനങ്ങൾ കൊടുത്തു അവർ.

''ചെല ഇഷ്ടങ്ങളുടെ തെറ്റും ശരിയുമൊന്നും നിശ്ചയിക്കാന്‍ നമ്മള്‍ ആരുമല്ല. പിന്നെ ഇതില് തെറ്റ് ശരിയെന്നൊന്നും ഇല്ല'' എന്ന് കുഞ്ഞമ്മാർ പറയുമ്പോൾ സമൂഹത്തണിന്റെ കപട സദാചാരവിധികളെ അട്ടിമറിക്കുന്നു സ്വതന്ത്രരായി പങ്കാളികളെ തിരഞ്ഞെടുക്കുന്ന ഏർക്കാന.

അങ്ങനെ പരസ്പരം താങ്ങും തണലുമായി, റാക്ക് വാറ്റിയും കുടിച്ചും പങ്കിട്ടും, ഇഷ്ടമുള്ള പുരുഷന്മാരോടൊത്ത് ഭോഗിച്ചും ഏര്‍ക്കാനയിലെ സ്ത്രീകള്‍ അവരുടെ പരാധീനതകൾക്കും പരിമിതികള്‍ക്കും പരിധികള്‍ക്കും  ഉള്ളില്‍നിന്നുകൊണ്ടുതന്നെ ജീവിതവും സ്വാതന്ത്ര്യവും ചിലപ്പോഴെങ്കിലും ആഘോഷിക്കുന്നുണ്ട്.

ആദ്യ വരിയിൽ പറഞ്ഞ പോലെ, തലയില്‍ വരച്ചത് മായ്ക്കാനാകാതെ പകയും അതിന്റെ പരിണിതഫലങ്ങളും ഏര്‍ക്കാനയിലെ ഒരു കൂട്ടം മനുഷ്യരെ തകര്‍ക്കുന്നു ‘’മരണത്തെ നമ്മള്‍ ക്ഷണിച്ച് വരുത്താന്‍ നില്‍ക്കരുത്, ആരുടേയും മരണത്തിന്റെ ക്ഷണിതാവും നമ്മളായിത്തീരരുത്' എന്ന ചിന്തയാണ് നോവലിന്റെ കാതൽ.

എന്നാലും മരണത്തെ മാറ്റി നിർത്തി ജീവിതം പറയാനാവില്ലല്ലോ!!

A must read! #maranavamsham https://www.facebook.com/shajikumarpv

ഒന്നാം നിറം ഒരു ടീസർ :  https://www.facebook.com/reel/1145797247515872



Comments

Popular posts from this blog

Kudremukha National Park

Agastyarkoodam trek tales...